ന്യൂഡൽഹി: മയക്കുമരുന്ന് രഹിത ഇന്ത്യ കെട്ടിപ്പടുക്കാൻ എല്ലാ വിഭാഗം ജനങ്ങളും കൈകോർക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതത്തിനായി നശാ മുക്ത് യുവ (മയക്കുമരുന്ന് രഹിത യുവത്വം) എന്ന കർമപരിപാടി രാജ്യത്തുടനീളം അതിവേഗം ശക്തിപ്രാപിച്ചു വരികയാണെന്നും യുവാക്കളുൾപ്പടെയുള്ള നിരവധിയാളുകൾ ഇതിന്റെ ഭാഗമാകുകയാണെന്നും പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന ഒന്നല്ല. കുടുംബവും സമൂഹവുംകൂടി അനുഭവിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ശക്തമായ മുദ്രാവാക്യങ്ങൾ തയാറാക്കിയും ലഹരിമുക്ത ജീവിതമെന്ന സന്ദേശം നൽകുന്ന പാട്ടുകൾ തയാറാക്കിയും വിദ്യാർഥികളും തിയറ്റർ ഗ്രൂപ്പുകളും മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടവശങ്ങൾ വെളിവാക്കുന്ന ചെറുനാടകങ്ങളെഴുതിയും ബോധവത്കരണം നടത്തണമെന്നും മോദി പറഞ്ഞു.